സൈനിക റിക്രൂട്ട്മെന്റ് വൈകിപ്പിച്ചതിനെതിരെ രാജസ്ഥാനില്‍ നിന്ന് ഡല്‍ഹി വരെ ഓടി യുവാവിന്റെ പ്രതിഷേധ സമരം.
സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കനാണ് യുവാവ് ദീര്‍ഘദൂരം ഓടി എത്തിയത്.

സൈനിക റിക്രൂട്ട്മെന്റ് വൈകുന്നുവെന്ന് ആരോപിച്ച് വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ്. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ന്യൂഡല്‍ഹി വരെ 350 കിലോമീറ്റര്‍ ഓടിയാണ് 24കാരനായ സുരേഷ് ബിച്ചാര്‍ പ്രതിഷേധിച്ചത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കനാണ് യുവാവ് ദീര്‍ഘദൂരം ഓടി എത്തിയത്.
മാർച്ച് 29 നാണ് സുരേഷ് ഓട്ടം ആരംഭിച്ചത്. ഓരോ മണിക്കൂറിലും 6 കിലോമീറ്റർ വരെ സുരേഷ് ഓടി. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു, പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്മെന്റ് പോലും നടന്നിട്ടില്ല. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്മെന്റ് പോലും നടത്താതതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് തന്റെ പ്രതിഷേധം എന്ന്നാണ് ഈ യുവാവ് പറഞ്ഞത്.
കൂടുതൽ യുവാക്കൾക്ക് ഇന്ത്യൻ ആർമിയിൽ ചേരുന്നതിന് പ്രേരണയാകുക എന്ന ലക്ഷ്യത്തോടും കൂടിയാണ് താൻ ഓടാൻ തീരുമാനിച്ചതെന്നും ഇയാൾ വ്യക്തമാക്കി.